മാലിയിൽ ആഭ്യന്തര കലഹം രൂക്ഷം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണെന്ന് ഇന്ത്യൻ എംബസി വിലയിരുത്തുന്നു
ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ബമാകോയിലെ ഇന്ത്യൻ എംബസി അടിയന്തര അറിയിപ്പ് പുറപ്പെടുവിച്ചത്. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുകളുണ്ട്. കാറ്റി ഉൾപ്പെടെയുള്ള മേഖലകളിൽ സായുധ സംഘങ്ങൾ ആക്രമണം നടത്തി. അൽ-ഖ്വയ്ദ ബന്ധമുള്ള ജെഎൻഐഎം, തുവാറെഗ്, എഫ്എൽഎ എന്നീ വിമത ഗ്രൂപ്പുകൾ സംയുക്തമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണെന്ന് ഇന്ത്യൻ എംബസി വിലയിരുത്തുന്നു.
ഇന്ത്യക്കാർക്കുള്ള പ്രധാന നിർദ്ദേശങ്ങൾ:
മാലിയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം:
വീടിനുള്ളിൽ കഴിയുക: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
യാത്രകൾ ഒഴിവാക്കുക: അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.
വിവരങ്ങൾ പിന്തുടരുക: എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴി വരുന്ന അപ്‌ഡേറ്റുകൾ സ്ഥിരമായി പരിശോധിക്കുക.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഇന്ത്യൻ പൗരന്മാർക്ക് താഴെ പറയുന്ന നമ്പറുകളിൽ എംബസിയെ ബന്ധപ്പെടാം: +223 78486019, +223 94793705.
What's Your Reaction?