ബിഹാറിൽ ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോഗികൾ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്
പട്‌ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു പ്രസാദ് ആശുപത്രിയിൽ അപകടമുണ്ടായത്. മരിച്ചവരെല്ലാം ചികിത്സയിലായിരുന്ന രോഗികളാണെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയുടെ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ഐസിയുവിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് കെട്ടിടമാകെ വിഷപ്പുക വ്യാപിച്ചതോടെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ, ബന്ധുക്കളെ കണ്ടെത്താനാകുന്നില്ലെന്ന പരാതിയുമായി നിരവധി കുടുംബങ്ങൾ ആശുപത്രി അധികൃതരെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിലെയും അടിയന്തര പ്രതികരണ സംവിധാനങ്ങളിലെയും വീഴ്ചകളെക്കുറിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കളും നാട്ടുകാരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
അതേസമയം, ബുധനാഴ്ച ഡൽഹിയിലെ മാളവ്യ നഗർ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് ബിഹാറിലും സമാന ദുരന്തമുണ്ടായത്.
What's Your Reaction?



