നവീൻ ബാബു മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്യും; മന്ത്രിസഭാ തീരുമാനം

Jun 4, 2026 - 15:34
Jun 4, 2026 - 15:34
 0
നവീൻ ബാബു മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്യും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

തീരക്കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്ത് തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമപരമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിലെ വിവരങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ ആകെ ബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് ജിഎസ്ഡിപിയുടെ 35.5 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുമാന ചെലവിന്റെ 17.73 ശതമാനം പലിശയിനത്തിലേക്കാണ് ചെലവാകുന്നത്. വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണെന്നും ദേശീയ ശരാശരി 63.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ ഏകദേശം 20,500 കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടായതായും ഇത് ഗുരുതര സാഹചര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡിഎ, ഡിആർ, കുടിശിക എന്നിവ ഉൾപ്പെടെ 48,733 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും ഇതിൽ 21,690 കോടി രൂപ അടിയന്തരമായി നൽകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രഷറിയിൽ 6,000 കോടി രൂപയുണ്ടെന്ന അവകാശവാദം തെറ്റാണെന്നും മേയ് 16-ഓടെ ഇത് 2,000 കോടി രൂപയായി കുറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ തനതു വരുമാനവും നികുതി വരുമാനവും ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് കെഎസ്ആർടിസി, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും സർക്കാർ നിക്ഷേപിക്കുന്ന തുക 3 മുതൽ 5 വർഷത്തിനുള്ളിൽ തിരിച്ചുകിട്ടണമെന്ന നയമാണ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ജീവനക്കാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow