ഇസ്രൊയിൽ തലമുറമാറ്റം; അഞ്ച് സുപ്രധാന കേന്ദ്രങ്ങളിൽ നേതൃത്വമാറ്റം
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രൊയിൽ സുപ്രധാന കേന്ദ്രങ്ങളിലെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. വിവിധ കേന്ദ്രങ്ങളിലെ ഡയറക്ടർമാർ വിരമിച്ചതോടെ തലമുറമാറ്റത്തിന് സംഘടന സാക്ഷ്യം വഹിക്കുകയാണ്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി), വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ.പി.എസ്.സി) എന്നിവിടങ്ങളിൽ നിലവിൽ സ്ഥിരം ഡയറക്ടർ നിയമനം നടന്നിട്ടില്ല. ചില ഡയറക്ടർമാരുടെ കാലാവധി നീട്ടാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല.
വി.എസ്.എസ്.സി ഡയറക്ടർ എ. രാജരാജൻ, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ ഇ.എസ്. പത്മകുമാർ, ഇസ്ട്രാക്ക് ഡയറക്ടർ ഡോ. എ.കെ. അനിൽകുമാർ എന്നിവർ മേയ് 31-ന് വിരമിച്ചു. ഇത്തവണ ഒരു കേന്ദ്ര മേധാവിയുടെയും കാലാവധി നീട്ടിയിട്ടില്ല.
മുൻപ് ഏപ്രിൽ അവസാനം സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നീലേഷ് ദേശായിയും എൽ.പി.എസ്.സി ഡയറക്ടർ എം. മോഹനും വിരമിച്ചിരുന്നു. ഇതോടെ ഇസ്രൊയുടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഒരേസമയം നേതൃത്വമാറ്റം സംഭവിച്ചിരിക്കുകയാണ്.
സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ പുതിയ ഡയറക്ടറായി സൗമ്യ സർക്കാർ ചുമതലയേറ്റിട്ടുണ്ട്. എൽ.പി.എസ്.സിയിൽ അസോസിയേറ്റ് ഡയറക്ടർ എൻ. ജയനും വി.എസ്.എസ്.സിയിൽ ആർ ആൻഡ് ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. യു.പി. രാജീവും താൽക്കാലിക ചുമതല വഹിക്കുകയാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടറായി എസ്. മുത്തുച്ചെഴിയാനും, ഇസ്ട്രാക്കിന്റെ പുതിയ ഡയറക്ടറായി എം.ആർ. രാഘവേന്ദ്രനും നിയമിതരായി.
ഇതിനുപുറമെ, ബെംഗളൂരുവിലെ ലബോറട്ടറി ഫോർ ഇലക്ട്രോ-ഒപ്റ്റിക്കൽ സിസ്റ്റംസ് ഡയറക്ടർ ഡോ. എൻ. ശ്രീറാമും മേയ് 31-ന് വിരമിച്ചു. അദ്ദേഹത്തിന് പകരം ആർ. വെങ്കടേശ്വരൻ ചുമതലയേറ്റു.
What's Your Reaction?



