രാജ്യം 77-ാം റിപ്പബ്ലിക് ദിന ലഹരിയിൽ; കർത്തവ്യപഥിൽ കരുത്ത് വിളംബരം ചെയ്ത് പരേഡ്

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെലെയ്ൻ എന്നിവരാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥികൾ

Jan 26, 2026 - 09:27
Jan 26, 2026 - 09:27
 0
രാജ്യം 77-ാം റിപ്പബ്ലിക് ദിന ലഹരിയിൽ; കർത്തവ്യപഥിൽ കരുത്ത് വിളംബരം ചെയ്ത് പരേഡ്

രാജ്യം 77-ാം റിപ്പബ്ലിക് ദിന ലഹരിയിൽ. വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമേയമാക്കിയാണ് ഇത്തവണത്തെ പരേഡ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും. 

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെലെയ്ൻ എന്നിവരാണ് ഇത്തവണത്തെ ചടങ്ങിലെ മുഖ്യാതിഥികൾ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള സൈനിക സംഘവും ഇത്തവണ പരേഡിൽ അണിനിരക്കുന്നുണ്ട്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് 'വന്ദേമാതരം' ആണ് മുഖ്യപ്രമേയം. കർത്തവ്യപഥിൽ ഇതിന്റെ ഭാഗമായുള്ള അപൂർവ്വ ചിത്രപ്രദർശനവുമുണ്ടാകും.

'ഓപ്പറേഷൻ സിന്ദൂറി'ൽ ഉപയോഗിച്ച അത്യാധുനിക ആയുധങ്ങളുടെ മാതൃകകളും കരസേനയുടെ പ്രത്യേക യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡിൽ അണിനിരക്കും. ലഫ്റ്റനന്റ് ജനറൽ ഭവ്‌നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 30 ടാബ്ലോകളാണ് ഇത്തവണ പ്രദർശിപ്പിക്കുക.

രാവിലെ 9.30 ന് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പുഷ്പചക്രം അർപ്പിക്കുന്നു. രാവിലെ 10.30 ന് കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നു. ഏകദേശം 90 മിനിറ്റോളം ചടങ്ങുകൾ നീണ്ടുനിൽക്കും.റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളെ (CAPF) വൻതോതിൽ വിന്യസിക്കുകയും ഡ്രോണുകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow