ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും രാഹുൽഗാന്ധി.
ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറി. തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നത് സത്യമാണെന്ന് അറിയാമെന്നും അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്‍റേഷൻ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താ സമ്മേളനം.
ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയമുണ്ട്. എക്സിറ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.