കുട്ടികളിലെ സാംക്രമേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യം: ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ

പകർച്ചവ്യാധികൾ അല്ലാത്ത ജീവിതശൈലീ രോഗങ്ങളും ജനിതക വൈകല്യങ്ങളും ഇന്ന് ജനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്

Aug 22, 2025 - 18:08
Aug 22, 2025 - 18:09
 0
കുട്ടികളിലെ സാംക്രമേതര രോഗങ്ങളെക്കുറിച്ചുള്ള അവബോധം അനിവാര്യം: ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ
തിരുവനന്തപുരം: കുട്ടികളിലെ ജീവിതശൈലീ രോഗങ്ങളുൾപ്പെടെയുള്ള സാംക്രമികേതര രോഗങ്ങളെക്കുറിച്ച് സാമൂഹിക അവബോധം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. സാംക്രമികേതര രോഗങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയും കുട്ടികളുടെ ആരോഗ്യ അവകാശ സംരക്ഷണത്തിൽ ആവശ്യമായ നിക്ഷേപങ്ങളും എന്ന വിഷയത്തിൽ യൂനിസെഫുമായി സഹകരിച്ച് കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഉറപ്പുനൽകുന്നുണ്ട്. പാർപ്പിടം, ഭക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവയുൾപ്പെടെ അതിജീവനത്തിനുള്ള എല്ലാ ഘടകങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ള പൗരന്മാരുടെ അവകാശമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിർണായകമാണ്. കേരളത്തിൽ ഇതിനായി മിഠായി, ഹൃദ്യം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
പകർച്ചവ്യാധികൾ അല്ലാത്ത ജീവിതശൈലീ രോഗങ്ങളും ജനിതക വൈകല്യങ്ങളും ഇന്ന് ജനങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. അത്തരം രോഗങ്ങളുള്ള കുട്ടികൾക്ക് പ്രത്യേക പിന്തുണ സംവിധാനങ്ങൾ ആവശ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സംരക്ഷണം ഒരുക്കാൻ സമൂഹത്തിൽ കൂടുതൽ സംവിധാനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കുടുംബങ്ങളിലും സ്‌കൂളുകളിലും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കണം. എല്ലാവരുടെയും സഹകരണത്തോടെ ഒരു സപ്പോർട്ട് സിസ്റ്റം രൂപീകരിക്കണം. എൻ.ജി.ഒ.കൾക്ക് ഈ രംഗത്ത് പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, രോഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ പരിശീലിപ്പിക്കണം. ഇതിനായി വ്യക്തമായ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രചാരകരാകാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ ടി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷനംഗം എൻ സുനന്ദ സ്വാഗതമാശംസിച്ചു. യൂണിസെഫ് കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി മുഖ്യപ്രഭാഷണം നടത്തി. കമ്മീഷനംഗങ്ങളായ ഡോ. എഫ് വിൽസൺ, ബി മോഹൻകുമാർ, സിസിലി ജോസഫ് എന്നിവർ സംബന്ധിച്ചു.ബാലാവകാശ സംരക്ഷണ കമ്മീഷൻ സെക്രട്ടറി എച്ച് നജീബ് നന്ദി അറിയിച്ചു.
 
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രവർത്തിക്കുന്ന വിവിധ എൻജിഒ കൾ. കുട്ടികൾ, വനിതാ ശിശുവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണം തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ, ശിശുരോഗ-മാനസികാരോഗ്യ-പൊതുജനാരോഗ്യ വിദഗ്ധർ എന്നിവരുടെ യോഗമാണ് സംഘടിപ്പിച്ചത്. സ്ഥാപന പരിചരണത്തിലുള്ളവർ ഉൾപ്പെടെ എല്ലാ കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പാക്കേണ്ട തിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും കട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ വർധിത ഭീഷണിയും യോഗം ചർച്ചചെയ്തു.
 
കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ സംരക്ഷണത്തിൽ അനിവാര്യമായ നിക്ഷേപ പദ്ധതികൾക്ക് (Strategic Investments) രൂപം കൊടുക്കുക, കുട്ടികളുടെ അവകാശ സംരക്ഷണ ചട്ടക്കൂട് (Child rights framework ശാക്തീകരിക്കുന്നതിനായി ശിശു സംരക്ഷണ സ്ഥാപനപങ്കാളിത്തങ്ങള അഭിപ്രായങ്ങളും സ്വരൂപിക്കുക, പരിഷ്‌കരണങ്ങൾ ആവിഷ്‌കരിക്കുക, കുട്ടികളുടെ വികസനവുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങൾ, പ്രവൃത്തികൾ വിഭവ വിന്യാസങ്ങൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുക,സാംക്രമികേതര രോഗങ്ങളുടെ തിരിച്ചറിയൽ, ചികിൽസ, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയിൽ ബഹുമേഖലാ നയങ്ങൾ നടപ്പാക്കുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow