വാഷിങ്ടൺ ഡിസി: വാഷിങ്ടൺ ഡിസിയിൽ നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിൽ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് നിർത്തിവച്ചതായി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമ്മിഗ്രേഷൻ സർവീസ് അറിയിച്ചു.
വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായ സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കൻ ഏജൻസി വ്യക്തമാക്കിയത്.
രാജ്യത്തിന്റെയും അമേരിക്കൻ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്നും ഇമിഗ്രേഷൻ സർവീസസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. താലിബാൻ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനിൽ നിന്നെത്തിയ കുടിയേറ്റക്കാർക്ക് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെ വെച്ച് നടന്ന ആക്രമണം നടത്തിയത് 29-കാരനായ അഫ്ഗാൻ പൗരൻ റഹ്മാനുള്ള ലകൻവാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കാരണം സംബന്ധിച്ച് വ‍്യക്തതയില്ല. വെടിവയ്പ്പിനിടെ വെടിയേറ്റ ഇയാൾ നിലവിൽ കർശന സുരക്ഷയോടെ ആശുപത്രിയിൽ കഴിയുകയാണ്.
വെടിവെപ്പിൽ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റു. 2021 ൽ അമേരിക്കയിൽ പ്രവേശിച്ചതാണ് റഹ്മാനുള്ള. ഇയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. യുഎസിൽ എത്തുന്നതിനു മുൻപ് ലകൻവാൾ പത്ത് വർഷത്തോളം അഫ്ഗാനിസ്ഥാൻ സൈന‍്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നതായാണ് ഇയാളുടെ അടുത്ത കുടുംബാംഗം പറയുന്നത്.