ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു. പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു.
എഐഡിഎംകെയിൽ നിന്നും സെങ്കോട്ടയ്യനെ പുറത്താക്കിയ ശേഷം ഡിഎംകെയിൽ നിന്നും ക്ഷണം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം നിരസിച്ചാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയാണ് കെ എ സെങ്കോട്ടയ്യൻ.
ഓർഗനൈസിംഗ് സെക്രട്ടറിയായോ, 28 അംഗ ടിവികെ നിർവാഹക സമിതിയുടെ ചീഫ് കോ-ഓർഡിനേറ്റർ പദവിയിലോ സെങ്കോട്ടയ്യൻ നിയമിക്കപ്പെടും. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം വിജയ്‌യുമായി സെങ്കോട്ടയ്യൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയുമെന്നാണ് സെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടത്. മുൻ എംപി വി.സത്യഭാമയും ടിവികെയിൽ ചേർന്നു.