ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. കാർബൈഡ് ഗൺ കൊണ്ടു കളിച്ച 14 കുട്ടികളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ 122 കുട്ടികളാണ് സമാന സംഭവത്തില്‍ ചികിത്സ തേടിയത്.
മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഒക്റ്റോബർ 18ന് സർക്കാർ കാർബൈഡ് ഗണ്ണുകൾ നിരോധിച്ചിരുന്നു. എന്നിട്ടും വിദിശയിലെ പ്രാദേശിക വിപണികളിൽ ഇവ വിറ്റഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
150 രൂപയും 200 രൂപയും വില നല്‍കിയാണ് പലരും കുട്ടികള്‍ക്ക് കളിക്കാവുന്ന കളിപ്പാട്ടം എന്ന നിലയില്‍ കാര്‍ബൈഡ് ഗണ്‍ വാങ്ങിയത്. ഇവ കളിപ്പാട്ടങ്ങൾ പോലെയാണ് നിർമ്മിക്കുന്നതും വിൽക്കുന്നതും, എന്നാൽ പൊട്ടിത്തെറിക്കുമ്പോൾ ബോംബുകൾ പോലെയാണ് അനുഭവപ്പെടുന്നത്. സംഭവത്തിന് പിന്നാലെ അനധികൃതമായി ഈ വെടിക്കോപ്പ് വിറ്റ് ആറ് കച്ചവടക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.