തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി.വി.ശിവൻകുട്ടി. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധിക( യോഗത്തിൽ പങ്കെടുത്തു. തൊഴിലാളി പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണം.
ഡിസംബർ 19ന് കോൺക്ലേവ് സംഘടിക്കും. എല്ലാ ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. ലേബർ കോഡിനെ എതിർക്കുന്ന തൊഴിൽ മന്ത്രിമാർ ഉണ്ട്. നാല് സെക്ഷനുകളിൽ ആയിട്ടായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുക.
നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലേബർ കോഡ് എങ്ങനെ ബാധിക്കും, സംസ്ഥാനങ്ങൾക്ക് എങ്ങനെ ഇടപെടാൻ സാധിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചർച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കുമെന്നും മന്ത്രി അറിയിച്ചു.