'ഇമ്രാൻ ഖാൻ സുഖത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു'; മരണവാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ
ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു, മൃതദേഹം ജയിലിൽ നിന്ന് മാറ്റി എന്നിങ്ങനെ അഫ്ഗാനിസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ. നേതാവുമായ ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അദിയാല ജയിൽ അധികൃതർ തള്ളി. ഇമ്രാൻ ഖാൻ സുഖത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയിൽ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 14 വർഷം തടവുശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിൽ നിന്ന് സഹോദരിമാർക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു, മൃതദേഹം ജയിലിൽ നിന്ന് മാറ്റി എന്നിങ്ങനെ അഫ്ഗാനിസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി. മെയ് മാസത്തിലും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന പാക് സർക്കാരിന്റെ ഒരു രേഖ പുറത്തുവന്നെങ്കിലും പിന്നീട് ഇത് വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
അഭ്യൂഹങ്ങൾ ശക്തമായതോടെ, പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) പാർട്ടി രംഗത്തെത്തി. നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇമ്രാൻ ഖാനെ ഉടൻ സന്ദർശിക്കാൻ അവസരം നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. പ്രതിനിധികളുടെ ഔദ്യോഗിക പട്ടിക ജയിൽ സൂപ്രണ്ടിന് സമർപ്പിക്കുകയും കൂടിക്കാഴ്ചകൾ വേഗത്തിൽ ക്രമീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
"ഈ കുഴപ്പങ്ങൾക്ക് പിന്നിൽ ഫീൽഡ് മാർഷൽ അസിം മുനീറാണ്" എന്ന് ഖാന്റെ അടുത്ത അനുയായിയായ ഡോ. സൽമാൻ അഹമ്മദ് സിഎൻഎൻ-ന്യൂസ്18 നോട് പറഞ്ഞു. ഒരു മാസമായി ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച സഹോദരിമാർ പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം തടവിൽ കഴിയുന്ന അദിയാല ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. കൂടിക്കാഴ്ച എത്രയും വേഗം ക്രമീകരിക്കാമെന്ന് പോലീസ് വ്യക്തമാക്കിയതിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്.
What's Your Reaction?

