തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്ന് പരാതിയിൽ പറയുന്നത്. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. സംഭവത്തിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
നീര്‍ക്കെട്ട് കുറയാന്‍ നല്‍കുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനു നല്‍കിയെന്നാണ് പരാതി. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്കുന്ന ചികില്‍സയാണ് മാറിപ്പോയത്. സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കന്‍റോണ്‍മെന്‍റ് പൊലീസിനും പരാതി നൽകിയിരുന്നു. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. ഇടതു കണ്ണിന് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. ഇതിന്റെ ചികിത്സയായിരുന്നു നടന്നിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം കണ്ണില്‍ ഇഞ്ചക്ഷന്‍ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയില്‍ വാങ്ങി നല്‍കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയയുടെ ഭാഗമായി അഡിമിറ്റ് ആയത്. അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീന്‍ ചെയ്തു. തുടർന്ന് നീര്‍ക്കെട്ടുള്ള ഇടതു കണ്ണിന് കുത്തിവെയ്പ്പ് എടുക്കേണ്ടതിന് പകരം ഡോക്ടര്‍ വലതുകണ്ണിന് കുത്തിവെയ്പ്പെടുക്കുകയായിരുന്നു.
ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.