ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി പുറത്തിറക്കിയ എ ഐ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എ ഐ വീഡിയോയാണ് നീക്കം ചെയ്യണമെന്ന് പാറ്റ്ന ഹൈകോടതി നിർദേശിച്ചത്. വിഡിയോ അനാദരവ് ഉണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം.
ആക്ടിങ് ചീഫ് ജസ്റ്റിസായ പി ബി ബജന്ദ്രിയാണ് എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് നിർദേശിച്ചത്. തന്നെ വോട്ടിനു വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ.
മോദിയെയും മാതാവിനെയും ഉള്‍പ്പെടുത്തിയുള്ള 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ ഈ മാസം 10നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. വിഡിയോ പങ്കുവച്ചതിനു നേരത്തെ കോൺഗ്രസിനെതിരേ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.