ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. സമൂഹ നീതിയ്ക്കായാണ് തന്റെ പോരാട്ടമെന്നും , എം കെ സ്റ്റാലിൻ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി.
കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. 2026ൽ സർക്കാർ രൂപീകരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു.
കർഷകരെയും ജെൻസി വോട്ടർമാരെയും ഒപ്പം നിർത്താനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തിനും വിമർശനം എന്ന് പറഞ്ഞാൽ എങ്ങനെയാണെന്നും ടിവികെ ഇനിയും വിമർശിക്കാൻ തുടങ്ങിയിട്ടില്ലെന്നും വിജയ് പറഞ്ഞു. 2026ൽ അധികാരത്തിലെത്തുമ്പോൾ എല്ലാവർക്കും വീടും എല്ലാ കുടുംബത്തിലും ഒരു ബിരുദധാരിയും സ്ഥിര വരുമാനക്കാരനും മോട്ടർ ബൈക്കും ലക്ഷ്യമെന്നും വിജയ് പറഞ്ഞു.
കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്.