തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. കേരളത്തിൽ ഈ വർഷം 17 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 66 പേർക്ക് രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
സെപ്തംബര്‍ മാസം പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 2025ല്‍ ചികിത്സ തേടിയ 60 പേരില്‍ 42 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്നു എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. മാത്രമല്ല തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. ഈ കണക്കുകളിലാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
കൂടാതെ ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി. 7 പേര്‍ മരിച്ചു. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ രോഗമുക്തി നേടി. 30 വയസുള്ള അന്നശ്ശേരി സ്വദേശിയാണ് രോഗം മാറി ആശുപത്രി വിട്ടത്.