അപകടത്തിൽ പരുക്കേറ്റിട്ടും പ്രണയം വിജയിച്ചു: ആശുപത്രിക്കിടക്കയിൽ താലികെട്ട്
ആവണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വധുവിനെ വരൻ ആശുപത്രിക്കിടക്കയിൽ താലികെട്ടി ജീവിതസഖിയാക്കി. തങ്ങൾക്കിടയിലെ പ്രണയത്തിന് യാതൊരു പരിക്കും ഏൽക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ഈ അപ്രതീക്ഷിത സംഭവങ്ങൾക്കിടയിലും വിവാഹിതരായത്. ആവണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി.
ഇന്ന് ഉച്ചയ്ക്ക് 12.12-നും 12.25-നും മധ്യേ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യൻ്റെ അടുത്ത് പോയി മടങ്ങും വഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റ ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞതോടെ വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് പാഞ്ഞെത്തി.
ആരോഗ്യനിലയിൽ ഗുരുതര പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ, നിശ്ചയിച്ച മുഹൂർത്തം തെറ്റിക്കേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ ആശുപത്രിക്കിടക്കയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ഷാരോൺ ആവണിയെ താലികെട്ടി സ്വീകരിച്ചു. അതേസമയം, വിവാഹം നിശ്ചയിച്ച ഓഡിറ്റോറിയത്തിൽ സദ്യ മുടക്കാതെ വിളമ്പുകയും ചെയ്തു.
ആവണിയുടെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. കാലിൻ്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ (ശനി) സർജറി നടത്തും. ആവണിയോടൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒന്നായ ഷാരോണിനും ആവണിക്കും സന്തോഷകരമായ ദാമ്പത്യം ആശംസിക്കുന്നു.
What's Your Reaction?

