കേരളത്തിന്‍റെ വി.എസ്. മടങ്ങി, ഇനി ഓര്‍മ
മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്

ആലപ്പുഴ: പ്രിയ സഖാവ് ഇനി ഓര്‍മ. ഭൗതികദേഹം വലിയ ചുടുക്കാട്ടില്‍ സംസ്കരിച്ചു. പുന്നപ്ര സഖാക്കൾ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണിൽ, പുന്നപ്ര വയലാർ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദൻ എന്ന വിപ്ലവ സൂര്യന് അന്ത്യവിശ്രമമൊരുങ്ങി. വലിയ ചുടുകാട്ടിലെ പ്രത്യേകം തയ്യാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി.എ.അരുൺ കുമാർ അഗ്നിപകർന്നു.
പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് പൊതുദർശനം അവസാനിപ്പിച്ചത്. വി.എസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നാണ് വിലാപയാത്രയായി സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലെത്തിച്ചത്. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൻമാർ വലിയ ചുടുകാട്ടിൽ എത്തി. ഇവിടേക്ക് പൊതുജനത്തിന് പ്രവേശനം ഉണ്ടായിരുന്നില്ല.
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട നിരയാണ് സാക്ഷിയായത്. സി.പി.എം. നേതാക്കൾക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
What's Your Reaction?






