മണിപ്പൂരിൽ വ്യാപക അക്രമം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റ് റദ്ദാക്കി
തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്
ഇംഫാൽ: സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിട്ടതോടെ നിരവധി ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലെ വീടുകൾക്ക് അക്രമികൾ തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇതോടെ ഗ്രാമവാസികൾ പരിഭ്രാന്തരാകുകയും പ്രദേശം വിടാൻ നിർബന്ധിതരാകുകയും ചെയ്തു.
കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് ഗ്രാമവാസികൾ അയൽ ജില്ലയായ കാങ്പോക്പിയിലേക്ക് പലായനം ചെയ്തു. ടാങ്ഖുൾ ഗ്രാമത്തിലെ ജനങ്ങളും സുരക്ഷിത സ്ഥാനങ്ങൾ തേടി പ്രദേശം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ.
ഉഖ്‌റുൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അഞ്ച് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചു. വ്യാജവാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാൻ മണിപ്പൂർ സർക്കാർ ജില്ലയിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിൽ നേരത്തെയുണ്ടായിരുന്ന വർഗീയ സംഘർഷങ്ങളുടെ തുടർച്ചയായാണോ ഈ അക്രമങ്ങൾ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
What's Your Reaction?

