വിജയ്‌യുടെ രാഷ്ട്രീയ തുടക്കത്തിൽ പാളിച്ച: ഭരണഘടനാപരമായ പിഴവ് മുഖ്യമന്ത്രി കസേരയ്ക്ക് തടസമാകുന്നു
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നിട്ടും, രാഷ്ട്രീയത്തിലെ പരിചയക്കുറവ് നടൻ വിജയ്ക്കും അദ്ദേഹത്തിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) അപ്രതീക്ഷിത തിരിച്ചടിയാവുകയാണ്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ 108 സീറ്റുകൾ നേടിയ ടിവികെയാണ് ഏറ്റവും വലിയ ശക്തി. എന്നാൽ വിജയ് രണ്ട് സീറ്റുകളിൽ വിജയിച്ചതിനാൽ ഒരെണ്ണം രാജിവെക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി കുറയും. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യത്തിൻ്റെ ആകെ എണ്ണം 112 ആയി ഉയർന്നുവെങ്കിലും ഭരണഘടനാപരമായ ഒരു സാങ്കേതിക പിഴവ് വിജയ്‌യുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിൽ തടസ്സമായി നിൽക്കുന്നു.
സാധാരണഗതിയിൽ തൂക്കുമന്ത്രിസഭ വരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ സ്വന്തം പാർട്ടിയുടെ മാത്രം കത്ത് നൽകി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാമായിരുന്നു. അങ്ങനെയെങ്കിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം അനുവദിക്കുമായിരുന്നു. എന്നാൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പ് കൂടി ഉൾപ്പെടുത്തി കത്ത് നൽകിയതോടെ ഇതൊരു സഖ്യകക്ഷി നീക്കമായാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കണക്കാക്കിയത്. സഖ്യകക്ഷി സർക്കാർ എന്ന നിലയിൽ 118 പേരുടെ പിന്തുണ വിജയ്ക്ക് തെളിയിക്കാനാവാത്ത സാഹചര്യത്തിൽ ഗവർണർ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതോടെ ഭൂരിപക്ഷത്തിന് ആവശ്യമായ ആറ് പേരുടെ പിന്തുണ കൂടി ഉറപ്പാക്കിയാൽ മാത്രമേ വിജയ്ക്ക് ഇനി സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങാൻ സാധിക്കൂ.
What's Your Reaction?