ഉപ്പും മുളകിലെ പടവലം കുട്ടന്‍പിള്ള; കെ.പി.എ.സി. രാജേന്ദ്രന്‍ അന്തരിച്ചു
ഉപ്പും മുളകിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്കിടയില്‍ പ്രശസ്തനാക്കിയത്.

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി. രാജേന്ദ്രൻ അന്തരിച്ചു. 25 വർഷത്തോളം ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം ചെയ്തു. അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞുനിന്ന രാജേന്ദ്രൻ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഉപ്പും മുളകിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്കിടയില്‍ പ്രശസ്തനാക്കിയത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം സംഭവിച്ചത്.
സീരിയലുകൾക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും നല്ല കഥാപാത്രങ്ങൾ രാജേന്ദ്രൻ അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 50 വർഷമായി നാടകം ചെയ്തിട്ട് എന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉപ്പും മുളകിലൂടെയാണ് ജനമനസിൽ ഇടം കിട്ടിയതെന്നും രാജേന്ദ്രൻ തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
What's Your Reaction?






