തിരുവനന്തപുരം: കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയാണ് സംസ്ഥാനത്ത് ആവിഷ്ക്കരിക്കാനൊരുങ്ങുന്നത്.
ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കും. പ്ലാസ്റ്റിക് കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. 70 കോടി മദ‍്യകുപ്പികൾ സംസ്ഥാനത്ത് പ്രതിവർഷം വിറ്റഴിയുന്നുണ്ട്. ഇതിൽ 80 ശതമാനത്തോളം പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം.
20 രൂപയെന്നത് അധിക തുകയല്ലെന്നും നിക്ഷേപമായി കണക്കാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും. വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും ബെവ്കോ അറിയിച്ചു.
വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക. സെപ്റ്റംബർ മുതൽ ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത്. ക്യു ആർ കോഡ് പരിശോധിച്ചു കുപ്പികൾ തിരിച്ചെടുക്കും. മാത്രമല്ല സംസ്ഥാനത്ത് 800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ‍്യം ഇനി മുതൽ ചില്ലു കുപ്പികളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് പറഞ്ഞു.