ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്
ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187 റൺസിന് ഓൾ ഔട്ടായി

തിരുവനന്തപുരം: തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ചരിത്ര നേട്ടവുമായി എജിഒആര്‍സി താരം സച്ചിൻ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മത്സരത്തിൽ സച്ചിൻ 334 റൺസ് നേടി. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. മത്സരത്തിൽ എജിഒആര്‍സി ഒരു ഇന്നിങ്സിൻ്റെയും 324 റൺസിൻ്റെയും വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എജിഒആര്‍സി സച്ചിൻ സുരേഷിൻ്റെയും സാലി വിശ്വനാഥിന്‍റെയും ഉജ്ജ്വല ഇന്നിങ്സുകളുടെ മികവിൽ അഞ്ച് വിക്കറ്റിന് 613 റൺസ് നേടി. തുടർന്ന്,രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 102 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
വെറും 197 പന്തുകളിൽ നിന്നായിരുന്നു സച്ചിൻ 334 റൺസ് നേടിയത്. 27 ബൌണ്ടറികളും 24 സിക്സും അടങ്ങുന്നതായിരുന്നു സച്ചിൻ്റെ ഇന്നിങ്സ്. ഇന്ത്യൻ താരം സഞ്ജു സാംസൻ്റെ സഹോദരൻ സാലി വിശ്വനാഥ് സച്ചിന് മികച്ച പിന്തുണ നല്‍കി. സാലി 118 പന്തുകളിൽ നിന്ന് 148 റൺസ് നേടി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടിൽ 403 റൺസ് പിറന്നു. ഒരു വിക്കറ്റിന് 31 റൺസെന്ന നിലയിൽ നില്ക്കെയാണ് സച്ചിൻ ബാറ്റ് ചെയ്യാനെത്തിയത്. തുടക്കം മുതൽ തകർത്തടിച്ച സച്ചിൻ അതിവേഗം സ്കോർ ഉയർത്തി. സച്ചിൻ്റെ സ്കോറിങ്ങിന് തടയിടാൻ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റൻ അക്ഷയ് ശിവ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചു. എന്നാൽ, പന്തെറിഞ്ഞ എട്ട് പേർക്കെതിരെയും തലങ്ങും വിലങ്ങും ഷോട്ടുകൾ പായിച്ച് സച്ചിൻ ബാറ്റിങ് തുടർന്നു. ഒടുവിൽ കെ എസ് അഭിറാമിൻ്റെ പന്തിൽ സ്റ്റംപ് ചെയ്യപ്പെട്ടാണ് സച്ചിൻ പുറത്തായത്.
കേരള ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സച്ചിൻ. സച്ചിൻ്റെ ബാറ്റിൽ നിന്ന് ഇതുപോലുള്ള വെടിക്കെട്ട് ഇന്നിങ്സുകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, ട്രിപ്പിൾ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. സി കെ നായിഡു ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിൻ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അടുത്തിടെ എൻഎസ്കെ ട്രോഫിയിൽ പത്തനംതിട്ടയ്ക്കെതിരെ പാലക്കാടിനായി 52 പന്തുകളിൽ 132 റൺസ് നേടി. ഇതേ ടൂർണ്ണമെൻ്റിൽ മറ്റൊരു മല്സരത്തിൽ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. പാലക്കാട് നല്ലേപ്പള്ളി സ്വദേശികളായ സുരേഷും ബിന്ദുവുമാണ് സച്ചിൻ്റെ മാതാപിതാക്കൾ. കേരള താരം സച്ചിൻ ബേബിയാണ് മെൻ്റർ.
What's Your Reaction?






