ടി20 ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം അഹമ്മദാബാദിൽ; മൂന്നാം കിരീടം ലക്ഷ്യമിട്ട് സൂര്യയും സംഘവും
നാലാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും മൂന്നാം ലോകകിരീടവുമാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്.
നാലാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. നിലവിൽ രണ്ട് കിരീടങ്ങളുമായി വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമൊപ്പമുള്ള ഇന്ത്യ, ഇന്ന് ജയിച്ചാൽ ഏറ്റവും കൂടുതൽ ടി20 ലോകകപ്പുകൾ നേടുന്ന ടീമെന്ന റെക്കോർഡ് സ്വന്തമാക്കും.
കഴിഞ്ഞ മത്സരങ്ങളിലെ മിന്നും പ്രകടനം സഞ്ജു ഫൈനലിലും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാകും ഇന്ത്യയുടെ കരുത്ത്. കുൽദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയാണെങ്കിൽ വരുൺ ചക്രവർത്തിയോ അർഷ്ദീപ് സിങ്ങോ പുറത്തിരിക്കേണ്ടി വരും.
ഫോം കണ്ടെത്താൻ വിഷമിക്കുന്ന അഭിഷേക് ശർമ്മയ്ക്ക് പകരം റിങ്കു സിംഗിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും താരം ടീമിൽ തുടരാനാണ് സാധ്യത. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ് ഇറങ്ങുന്നത്. സെമിയിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് അവർ ഫൈനലിലെത്തിയത്. ഓഫ് സ്പിന്നർ കോൾ മകോൻകിയാണ് കിവികളുടെ പ്രധാന ആയുധം. ഇഷ് സോധി ടീമിലെത്തിയാൽ ജെയിംസ് നീഷാമിന് സ്ഥാനം നഷ്ടമായേക്കാം.
What's Your Reaction?