മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കരാർ 2026 ജൂൺ വരെയാണ് ബിസിസിഐ നീട്ടിയത്.
2023ലായിരുന്നു അഗാർക്കർ ഇന്ത‍്യൻ ടീമിന്‍റെ ചീഫ് സെലക്റ്ററായി ചുമതല ഏറ്റെടുത്തത്. ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാൻ അജിത് അഗാർക്കർക്കായി. ഇതിനാലാണ് കാലാവധി നീട്ടി നൽകിയത്. 2024-ൽ ടി20 ലോകകപ്പും ഈ വർഷം ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടി.
അഗാര്‍ക്കറുടെ കാലയളവിലാണ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശര്‍മയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിലേക്കും ടി20 ക്യാപ്റ്റൻ സ്ഥാനം സൂര്യകുമാര്‍ യാദവിലേക്കുമെത്തിയത്. എസ്.എസ്. ദാസ്, സുബ്രതോ ബാനർജി, അജയ് രത്ര, എസ്. ശരത് എന്നിവർ നിലവിലെ സെലക്ഷൻ കമ്മിറ്റിയിലുണ്ട്.
അതേസമയം, സെലക്ഷൻ പാനലുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. നാല് വർഷം പൂർത്തിയാക്കിയ എസ് ശരത്തിനെ സീനിയർ കമ്മിറ്റിയിൽ നിന്ന് മാറ്റിയേക്കാമെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎല്ലിനു ശേഷം തന്നെ അഗാർക്കറുടെ കരാർ നീട്ടാൻ ബിസിസിഐ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ‍്യോഗിക തീരുമാനമായത്.