26 പേരുടെ ജീവനെടുത്തു; പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ആക്രമണം നടത്തിയ ഭീകരരായ സുലൈമാൻ, അഫ്ഗാനി, ജിബ്രാൻ എന്നിവരെ കഴിഞ്ഞ ജൂലൈയിൽ സൈന്യം വധിച്ചിരുന്നു
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലുണ്ടായ ആ ദാരുണ സംഭവത്തിൽ കൊച്ചി സ്വദേശിയായ എൻ. രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. ലഷ്കറെ തയിബയുടെ നിഴൽ സംഘടനയായ 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആക്രമണം നടത്തിയ ഭീകരരായ സുലൈമാൻ, അഫ്ഗാനി, ജിബ്രാൻ എന്നിവരെ കഴിഞ്ഞ ജൂലൈയിൽ സൈന്യം വധിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂർ' വഴി ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്.
ദുബായിൽ നിന്ന് വിഷു ആഘോഷിക്കാൻ നാട്ടിലെത്തിയ മകൾ ആരതിയുടെയും രണ്ട് കൊച്ചുമക്കളുടെയും കൺമുന്നിൽ വെച്ചാണ് രാമചന്ദ്രനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയത്. അച്ഛന്റെ വിയോഗത്തോടെ അമ്മ ഷീല തനിച്ചായതിനാൽ മകൾ ആരതി ഇപ്പോൾ നാട്ടിൽ തന്നെയാണ് കഴിയുന്നത്. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി വിച്ഛേദിച്ച നയതന്ത്രബന്ധം ഇന്ത്യ ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. മേഖലയിൽ ഇപ്പോഴും കനത്ത സുരക്ഷയാണ് തുടരുന്നത്.
രാമചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്: ഇന്ന് രാവിലെ 7.30-ന് ദേവൻകുളങ്ങര ജംക്‌ഷനിൽ രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. ഏപ്രിൽ 26-ന് രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം നടക്കും.
What's Your Reaction?