വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സർക്കാർ ഉത്തരവിട്ടു
തൃശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ദുരന്ത പ്രതികരണ നിധിയിൽ നിന്നുമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 14 ലക്ഷം രൂപ ലഭിക്കും. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും.
പരിക്കേറ്റവർ ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും ചെലവ് സർക്കാർ വഹിക്കും. ആറ് മാസത്തിലധികം ദീർഘകാല ചികിത്സ ആവശ്യമായി വരുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പ്രത്യേക സഹായം അനുവദിക്കും.
അപകടത്തെ സംസ്ഥാനത്തെ 'സവിശേഷ ദുരന്തമായി' പ്രഖ്യാപിച്ചതായി റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ തലവനായ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയോഗിച്ചു. വീഴ്ചകൾ കണ്ടെത്തി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള ശുപാർശകൾ കമ്മീഷൻ സമർപ്പിക്കും.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചപ്പോൾ സമീപത്തെ സ്വകാര്യ വ്യക്തികളുടെ വയലുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങൾ സർക്കാർ ചെലവിൽ പൂർവ്വസ്ഥിതിയിലാക്കി നൽകുമെന്നും മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
What's Your Reaction?