അനധികൃത കാലിക്കടത്ത്; മലയാളി ലോറി ഡ്രൈവറെ കര്‍ണാടകയിൽ വെടിവെച്ചു പിടിച്ചു
കേരള-കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം നടന്നത്
ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ അനധികൃതമായി കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ചുള്ള സംഭവത്തിൽ പോലീസ് വെടിവെച്ചതിനെത്തുടർന്ന് മലയാളി ലോറി ഡ്രൈവർക്ക് പരിക്ക്. കാസർകോട് സ്വദേശി അബ്ദുള്ളയുടെ കാലിനാണ് വെടിയേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള-കർണാടക അതിർത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം നടന്നത്. ഊടുവഴിയിലൂടെ കന്നുകാലികളെ കടത്തിക്കൊണ്ടുപോവുകയായിരുന്ന ലോറിക്ക് പോലീസ് കൈ കാണിച്ചിട്ടും നിർത്താൻ തയ്യാറായില്ല.
ഇതോടെ പോലീസ് സംഘം ലോറിയെ ഏകദേശം 10 കിലോമീറ്ററോളം പിന്തുടർന്നു. ഇതിനിടെ മറ്റൊരു പോലീസ് സംഘം ജീപ്പ് കുറുകെയിട്ട് ലോറി തടയാൻ ശ്രമിച്ചു. എന്നാൽ, ലോറി പോലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചു.
ഈ സാഹചര്യത്തിലാണ് പോലീസ് ലോറിക്കുനേരെ രണ്ടു തവണ വെടിയുതിർത്തത്. ഒരു വെടിയുണ്ട ലോറിയുടെ ബോഡിയിലും തറച്ചിട്ടുണ്ട്. ലോറിയിൽ അബ്ദുള്ളയോടൊപ്പം ഉണ്ടായിരുന്ന സഹായി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പോലീസ് കേസെടുത്തു. ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
What's Your Reaction?

