ഡൽഹി: വ്ലാദിമിർ പുടിന് നല്കിയ വിരുന്നിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് ശശി തരൂർ പങ്കെടുത്തത്. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങൾ ആരോപിച്ചു.
ക്ഷണം അയച്ചതും ക്ഷണം സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണെന്നും എല്ലാവരുടെയും മനസ്സാക്ഷിക്ക് ഒരു ശബ്ദമുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. മാത്രമല്ല വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തലവനെന്ന നിലയിൽ നൽകിയ ബഹുമാനത്തിൻ്റെ പ്രതിഫലനമാണ് തനിക്കുള്ള ക്ഷണം എന്നാണ് ഇതിനെ തരൂർ വിശേഷിപ്പിച്ചത്. വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും ക്ഷണം ലഭിക്കാത്തതിനെ കൂറിച്ച് തനിക്ക് അറിയില്ലയെന്നും തരൂർ വ്യക്തമാക്കി.