"മോദി-സതീശൻ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇഡി റെയ്ഡ്; ഇതൊരു ഗ്രാൻഡ് ഡിസൈൻ!"- പി. ജയരാജൻ
കണ്ണൂർ: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം നടക്കുന്ന ഇഡി റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി. ജയരാജൻ. റെയ്ഡ് നടക്കുന്ന പിണറായിയിലെ മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഡൽഹി ഹൈക്കോടതി വിധി പറയും മുൻപ് അന്വേഷണസംഘം കേരള ഹൈക്കോടതിയിൽ നിന്ന് തിടുക്കപ്പെട്ട് അനുമതി വാങ്ങുകയായിരുന്നുവെന്നും, ഇഡി എന്നത് നിലവിൽ സംഘപരിവാറിന്റെ വെറുമൊരു 'എക്സ്ട്രാ ഡിപ്പാർട്ട്മെന്റ്' മാത്രമായി മാറിയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഇരകളായി മാറുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ മാത്രം ഇടതുപക്ഷത്തെ തകർക്കാൻ സംഘപരിവാറിന് അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായ കേരളത്തിൽ ആധിപത്യം ഉറപ്പിക്കാൻ സിപിഐഎമ്മിനെ തകർക്കുകയാണ് അവരുടെ ലക്ഷ്യം.
കേരളത്തിൽ ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയതും, രാഹുൽ ഗാന്ധി ഇവിടെയെത്തി പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചതുമെല്ലാം കൃത്യമായ അജണ്ടയുടെ ഭാഗമാണ്.
ബംഗാളിലും ത്രിപുരയിലും നടപ്പാക്കിയ അതേ സംഘപരിവാർ പദ്ധതിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടക്കുന്നത്. ഇതൊരു 'ഗ്രാൻഡ് ഡിസൈൻ' ആണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജനങ്ങൾ ഈ ഒത്തുകളി തിരിച്ചറിയുമെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
What's Your Reaction?



