നേപ്പാളിൽ ‘ജെൻ സി’ പ്രതിഷേധം കനക്കുന്നു: ആഭ്യന്തരമന്ത്രി രാജിവച്ചു, വെടിവയ്പിൽ 19 മരണം
രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്

കഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതീ യുവാക്കളുടെ പ്രക്ഷോഭം. സമരക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹമാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചാണ് സർക്കാർ നടപടി.
What's Your Reaction?






