ഇറാൻ ഡിജിറ്റൽ ഇരുട്ടിലേക്ക്; ഇന്റർനെറ്റ് വിച്ഛേദിക്കാൻ നീക്കം
2026-ന് ശേഷം രാജ്യത്ത് നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് പുനഃസ്ഥാപിക്കില്ലെന്നാണ് സൂചന
ലണ്ടൻ: ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ സ്ഥിരമായി വിച്ഛേദിക്കാനും ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം പ്രവേശനം നൽകാനും നീക്കം നടക്കുന്നതായി റിപ്പോർട്ട്. 'ഫിൽട്ടർവാച്ച്' എന്ന ഡിജിറ്റൽ അവകാശ സംഘടനയെ ഉദ്ധരിച്ച് 'ദി ഗാർഡിയൻ' ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. 2026-ന് ശേഷം രാജ്യത്ത് നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് പുനഃസ്ഥാപിക്കില്ലെന്നാണ് സൂചന.
ഇന്റർനെറ്റ് പ്രവേശനം ഒരു അവകാശമല്ലാതാക്കി 'സർക്കാർ പദവി'യാക്കി മാറ്റാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. സുരക്ഷാ പരിശോധന പാസാകുന്നവർക്ക് മാത്രം ആഗോള ഇന്റർനെറ്റിന്റെ പരിമിതമായ പതിപ്പ് നൽകുകയും മറ്റുള്ളവരെ രാജ്യത്തിനകത്തെ സമാന്തര ശൃംഖലയിലേക്ക് (National Internet) ഒതുക്കുകയും ചെയ്യും. ചൈന നൽകിയ ഉയർന്ന ശേഷിയുള്ള 'മിഡിൽ ബോക്സ്' ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ സെൻസർഷിപ്പ് നടപ്പിലാക്കുന്നത്. ഇത് ഇന്റർനെറ്റ് ട്രാഫിക് നിരീക്ഷിക്കാനും വിപിഎൻ (VPN) സേവനങ്ങൾ തടയാനും സർക്കാരിനെ സഹായിക്കുന്നു.
ജനുവരി എട്ടിന് ആരംഭിച്ച നിലവിലെ ഇന്റർനെറ്റ് നിരോധനം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണുകളിൽ ഒന്നായി മാറി. മാർച്ച് 20-ലെ പേർഷ്യൻ പുതുവർഷം (നൗറോസ്) വരെ നിയന്ത്രണം തുടർന്നേക്കാം. ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനും രാജ്യത്തുനിന്നുള്ള വിവരങ്ങൾ പുറംലോകത്തേക്ക് എത്താതിരിക്കാനുമാണ് ഈ നീക്കം. 16 വർഷമായി ഇറാൻ സർക്കാർ നടത്തിവരുന്ന ഡിജിറ്റൽ നിയന്ത്രണങ്ങളുടെ ഭാഗമാണിത്. പുറംലോകവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെടുന്നതോടെ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്നത് കൂടുതൽ പ്രയാസകരമാകുമെന്ന് ഗവേഷകർ ആശങ്കപ്പെടുന്നു.
What's Your Reaction?

