ഈ മാസം മുതൽ വൈദ്യുതി ബില്‍ വീണ്ടും കുറയും: മന്ത്രി കെ കൃഷ്ണൻകുട്ടി
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തി.

തിരുവനന്തപുരം: ഈ മാസം മുതൽ വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്നും ഇന്ധന സര്‍ചാര്‍ജിന്‍റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുതായി നിർമ്മിച്ച കെ.എസ്.ഇ.ബിയുടെ എസ്.എൽ പുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻ്റെയും സബ് ഡിവിഷൻ ഓഫീസിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറു പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് എട്ടുപൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ് എന്ന് മന്ത്രി പറഞ്ഞു. ഇത്തവണ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് അടുത്തെത്തി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം നേരിടാന്‍ കൃത്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പഞ്ചാബുമായും, ഉത്തർപ്രദേശുമായും കൈമാറ്റക്കരാറുകളില്‍ ഏർപ്പെട്ടു കൊണ്ട് ഏകദേശം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തമാസം ഹിമാചൽ പ്രദേശില്‍ നിന്നും ഏകദേശം 150 മെഗാവാട്ടോളം വൈദ്യുതി കൈമാറ്റക്കരാറിലൂടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
പരീക്ഷ, ഉത്സവ കാലങ്ങൾ എന്നിവ പരിഗണിച്ച് പ്രസരണ, വിതരണ വിഭാഗങ്ങള്‍ തമ്മില്‍ കൃത്യമായ ധാരണയോടെ അറ്റകുറ്റ പണികള്‍ ക്രമീകരിച്ച് വൈദ്യുതി തടസം പരമാവധി കുറയ്ക്കണം. സുരക്ഷ മുൻകരുതലുകൾ എടുക്കാതെ ജീവനക്കാർ ഇലക്ട്രിക് ലൈനുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതുമൂലം ഇനി ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ കവചിത കണ്ടക്റ്ററിലേക്ക് മാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നു. വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ ഏരിയല്‍ ലിഫ്റ്റ് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താക്കളാണ് നമ്മുടെ യജമാനന്മാര്‍ എന്ന ചിന്ത ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് കെ എസ് ഇ ബി കാഴ്ച വെക്കേണ്ടത്. അവര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും കാലവിളംബമില്ലാതെ അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കാതെയും ചെയ്ത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പി. പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായി. ഏറ്റവും മികച്ച സേവനമാണ് കെഎസ്ഇബി കേരളത്തിന് നൽകുന്നതെന്ന് എം. എൽ. എ പറഞ്ഞു. ഏതു പ്രതികൂല സാഹചര്യത്തിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാൽ സമയബന്ധിതമായി പുനസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ ആത്മാർഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






