ദേശീയ പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി. ബസ് ഓടുമോ? സ്കൂളുകള്‍ ഉണ്ടാകുമോ? 

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അറിയിച്ചു

Jul 8, 2025 - 15:17
Jul 8, 2025 - 15:17
 0
ദേശീയ പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി. ബസ് ഓടുമോ? സ്കൂളുകള്‍ ഉണ്ടാകുമോ? 

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്ഥാന സർ‌ക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് പരിശോധിക്കാം. 

ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അറിയിച്ചു. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു വ്യക്തമാക്കി. എന്നാല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭാഗമാകില്ലെന്നും സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞിരുന്നു. ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍സിസി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല. എല്ലാ മേഖലകളിലെയും മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളാകും. അതിനാല്‍, സ്വകാര്യബസുകള്‍ നാളെയും ഓടില്ല. ഓട്ടോ, ടാക്സി സര്‍വീസുകള്‍ ഉള്‍പ്പടെ മുടങ്ങും. അതിനാല്‍ സ്വന്തം വാഹനമില്ലാതെ പുറത്തിറങ്ങുന്നവർ കുടുങ്ങും.

കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, കലക്ടറേറ്റുകൾ എന്നിവ നാളെ പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടും. എല്‍ഐസി ഓഫിസുകള്‍, മറ്റ് ഇന്‍ഷുറന്‍സ് ഓഫിസുകള്‍ എന്നിവടങ്ങളിലും ജനങ്ങള്‍ക്ക് സേവനം നഷ്ടമാകും. കാര്‍ഷിക മേഖലകളെ പണിമുടക്ക് ബാധിക്കും. എന്നാൽ, ഒരു വിഭാഗം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. 

സ്കൂള്‍, കോളജ് അധ്യാപകരും ദേശീയ പണിമുടക്കിന്‍റെ ഭാഗമാണ്. അതിനാല്‍, സ്കൂളുകളിലും കോളജുകളിലും അധ്യയനം മുടങ്ങും. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. ഫാക്ടറികളെയും പൊതുമേഖല സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും. കുറിയര്‍ സര്‍വീസുകള്‍, ടെലികോം സേവനകള്‍ ലഭ്യമാക്കേണ്ട ഓഫിസുകള്‍ എന്നിവ അടഞ്ഞുകിടക്കും. 


ദേശീയ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയവ

* അവശ്യസര്‍വീസുകളെ മാത്രമാണ് പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 
* പാല്‍, പത്രവിതരണം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ല. 
* വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
* റസ്റ്ററന്‍റുകള്‍ അടഞ്ഞുകിടക്കുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല. 
* കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെങ്കിലും ആര്‍സിസി – മെഡിക്കല്‍ കോളജ് എന്നിവടങ്ങിളിലേക്കുള്ള സര്‍വീസുകളെ ബാധിച്ചേക്കില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow