ബെംഗളൂരു: കർണാടകയിൽ 55 കാരിക്ക് ദാരുണാന്ത്യം. പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിനിരയായാണ് ഗീതമ്മ എന്ന 55 കാരി മരിച്ചത്. സംഭവത്തിൽ മകൻ സഞ്ജയ്ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടു പേർക്കെതിരെയും പോലീസ് കേസെടുത്തു.
കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം നടന്നത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു. പിന്നീട് ആശയും ഭര്‍ത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഗീതമ്മയുടെ വീട്ടിലെത്തി.
ബാധയൊഴിപ്പിക്കൽ ചടങ്ങെന്ന തരത്തിൽ നാലര മണിക്കൂറോളം വയോധികയെ വടികൊണ്ട് മർദ്ദിച്ചു. രാത്രി 9:30 ഓടെ ആരംഭിച്ച് പുലര്‍ച്ചെ 1:00 വരെ മർദനം തുടര്‍ന്നുവെന്നും പറയപ്പെടുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്‍റെയും തലയിലടക്കം അടിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ മരിക്കുകയായിരുന്നു.
കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഞ്ജയ്, ആശ, സന്തോഷ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.