'തൃശൂര്‍ ജില്ലയില്‍ ലുലു മാള്‍ വരേണ്ടത് രണ്ടര വര്‍ഷം മുന്‍പ്, വൈകുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലില്‍'

3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രൊജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്ന് എം.എ. യൂസഫലി

Aug 24, 2025 - 21:42
Aug 24, 2025 - 21:43
 0
'തൃശൂര്‍ ജില്ലയില്‍ ലുലു മാള്‍ വരേണ്ടത് രണ്ടര വര്‍ഷം മുന്‍പ്, വൈകുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലില്‍'

തൃശൂർ: ജില്ലയിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ടു പോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രൊജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിയ്യാരത്ത് തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‌'മാൾ നിർമിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. രണ്ടര വർഷമായി ആ കേസ് മുന്നോട്ടു പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും', അദ്ദേഹം കൂട്ടിച്ചേർത്തു.

'ഒരുപാട് ബിസിനസുകാരുടെ പാദ സ്പർശം കൊണ്ട് അനു​ഗ്രഹീതമാണ് തൃശൂർ. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരികപരമായും പ്രൊഫഷണൽപരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസും വളർച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും' അദ്ദേഹം സദസിലിരിക്കുന്ന കുട്ടികളോട് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow