വീര്യം കുറഞ്ഞ മദ്യ നികുതിയിളവ്: മതസംഘടനകളുമായി അനുനയ ചർച്ച, നിലപാട് മാറ്റാതെ സർക്കാർ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മതസംഘടനകളുമായി അനുനയ ചർച്ച നടത്തി സർക്കാർ. സമസ്തയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ വിശ്വസ്തർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകൾ. സാഹചര്യം മതസംഘടനകളെ ബോധ്യപ്പെടുത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനവും നികുതി നിശ്ചയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. നേരത്തെ ചട്ടഭേദഗതിയിലൂടെ വിൽപനയ്ക്ക് അനുമതിയുണ്ടായിരുന്നെങ്കിലും പ്രത്യേക നികുതി ഘടന ഉണ്ടായിരുന്നില്ല.
വിഷയത്തിൽ സിപിഎം ഉൾപ്പെടെ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തിയത്. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്, നികുതിയിളവിന് പിന്നിൽ മദ്യലോബിയാണെന്ന് ആരോപിച്ചു. ഫയൽ അതിവേഗത്തിൽ നീങ്ങിയെന്ന വിവരവും പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. തെരഞ്ഞെടുപ്പുകാലത്തെ സാമ്പത്തിക ഇടപാടുകളുടെ പ്രത്യുപകാരമാണിതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
എന്നാൽ വിമർശനങ്ങൾ തുടരുമ്പോഴും പുതിയ നികുതി നയം പിൻവലിക്കാതെ മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നിലവിലെ തീരുമാനം.
What's Your Reaction?



