സഭയിൽ സ്ഥലംമാറ്റ വിവാദം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷത്തിന്റെ ശക്തമായ സഭ ബഹിഷ്കരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സ്ഥലംമാറ്റ വിവാദത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും ആധിപത്യം സ്ഥാപിക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ ആരോപിച്ചു. പൊതുതാത്പര്യപ്രകാരമല്ല സ്ഥലംമാറ്റമെന്ന് ബോധ്യപ്പെട്ടതിനാലാണ് ട്രിബ്യൂണല്‍ ഇത് സ്റ്റേ ചെയ്തതെന്നും, വകുപ്പ് മേധാവിമാരെ ഭീഷണിപ്പെടുത്തി ഉത്തരവിറക്കിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയ ഈ സ്ഥലംമാറ്റങ്ങള്‍ വലിയ തോതിലുള്ള അഴിമതിക്ക് വഴിയൊരുക്കുമെന്നും ഇത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഭരണമാറ്റത്തിന്റെ പേര് പറഞ്ഞ് ഇത്തരം ചട്ടവിരുദ്ധ നടപടികളെ ന്യായീകരിക്കരുതെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, അനീതിക്കെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണെന്ന് ചൂണ്ടിക്കാട്ടി. കുടുംബശ്രീയില്‍ നിന്നും ജീവനക്കാരെ ഒരു നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുന്നത് മനുഷ്യത്വരഹിതമാണെന്നും, നിലവിലെ അന്യായമായ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ എംഎല്‍എ വി. ജോയ് ആണ് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥലംമാറ്റങ്ങള്‍ നടത്തിയത് നാണംകെട്ട പരിപാടിയാണെന്നും, സര്‍ക്കാര്‍ വലിയ തോതില്‍ ബന്ധുനിയമനങ്ങള്‍ നടത്തുകയാണെന്നും വി. ജോയ് ആരോപിച്ചു. മുനമ്പം നിവാസികളെയും ആശാ വര്‍ക്കര്‍മാരെയും സര്‍ക്കാര്‍ വഞ്ചിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ മന്ത്രി സണ്ണി ജോസഫ്, അടിയന്തര പ്രമേയം തീര്‍ത്തും അപ്രസക്തമാണെന്ന് മറുപടി നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമാണ് സ്ഥലംമാറ്റത്തിലൂടെ ലക്ഷ്യമിട്ടതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലംമാറ്റ കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അന്ന് വനിതകള്‍ക്കോ സര്‍വീസ് സംഘടന നേതാക്കള്‍ക്കോ യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ഭരണകാലത്ത് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് സ്വാഭാവിക നീതി ഉറപ്പാക്കുമെന്നും, ജീവനക്കാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
What's Your Reaction?



