കസേര ഉറച്ചില്ല, വകുപ്പിനായി തല്ല്! ലീഗിന് ഫിഷറീസ് നൽകിയാൽ കളി മാറും; ബിഷപ്പ് ഹൗസിലേക്ക് ഓടിയെത്തി മുരളീധരനും സി.പി. ജോണും!

May 19, 2026 - 22:28
May 19, 2026 - 22:28
 0
കസേര ഉറച്ചില്ല, വകുപ്പിനായി തല്ല്! ലീഗിന് ഫിഷറീസ് നൽകിയാൽ കളി മാറും; ബിഷപ്പ് ഹൗസിലേക്ക് ഓടിയെത്തി മുരളീധരനും സി.പി. ജോണും!

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായില്ല. ചില വകുപ്പുകളിൽ മാറ്റം വരുത്തണമെന്ന് മന്ത്രിമാർ തന്നെ ആവശ്യപ്പെട്ടതോടെയാണ് ചർച്ചകൾ നീളുന്നത്. കെ.സി. പക്ഷത്തുനിന്നുള്ള അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം കൂടി നൽകുന്ന കാര്യത്തിലാണ് പ്രധാന ചർച്ചകൾ പുരോഗമിക്കുന്നത്. അങ്ങനെ വന്നാൽ ദേവസ്വം വകുപ്പിന് പകരം കെ. മുരളീധരന് ആരോഗ്യം, സ്പോർട്സ് എന്നീ വകുപ്പുകൾ ഒരുമിച്ച് നൽകാനാണ് ആലോചന.

അതേസമയം, ഫിഷറീസ് വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും മുന്നണിയിലും കടുത്ത തർക്കമാണ് ഉടലെടുത്തിരിക്കുന്നത്. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഫിഷറീസ് വകുപ്പ് തങ്ങൾക്ക് നൽകിയാൽ മാത്രമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകൂ എന്ന കർശന നിലപാടിലാണ് ലീഗ്.

വകുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കളും മന്ത്രിമാരുമായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. എന്നാൽ ഫിഷറീസ് വകുപ്പിന്റെ കാര്യത്തിൽ തങ്ങളുടെ മുൻനിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ലത്തീൻ സഭ ആവർത്തിച്ചു വ്യക്തമാക്കി. കടലിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, കടലിനെ അറിയുന്ന ഒരാൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണമെന്നാണ് തങ്ങൾ മന്ത്രിമാരെ അറിയിച്ചതെന്ന് ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. മുരളീധരൻ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow