'എനിക്ക് പേടിയാണ്, അതിനുള്ള ധൈര്യവും എനിക്കില്ല'; നൊമ്പരമായി ജോളി മധുവിന്‍റെ എഴുതി മുഴുവിപ്പിക്കാത്ത കത്തിലെ വരികള്‍ 

Feb 12, 2025 - 08:07
Feb 13, 2025 - 20:32
 0  5
'എനിക്ക് പേടിയാണ്, അതിനുള്ള ധൈര്യവും എനിക്കില്ല'; നൊമ്പരമായി ജോളി മധുവിന്‍റെ എഴുതി മുഴുവിപ്പിക്കാത്ത കത്തിലെ വരികള്‍ 

കൊച്ചി: ‘സര്‍, നമ്മുടെ ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്ക് പേടിയാണ്, അതിനുള്ള ധൈര്യവും എനിക്കില്ല. എന്നെ കൊണ്ട് സാധിക്കില്ല. കൃത്യമായും തൊഴിലിടത്തെ പീഡനമാണ് എന്‍റെ കേസില്‍ സംഭവിച്ചതെന്ന് വ്യക്തമാണ്. അതെന്‍റെ ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കരുണയ്ക്കായി അഭ്യര്‍ഥിക്കുകയാണ്. എന്‍റെ പരാതി ദയവ് ചെയ്ത് ഒരിക്കല്‍ കൂടി പരിഗണിക്കുകയും കുറച്ച് കാലം കൂടി ഇവിടെ തുടരാന്‍ അനുവദിക്കുകയും വേണം’, അഴിമതിക്കെതിരെ പ്രതികരിച്ചതിന് പ്രതികാരനടപടി നേരിട്ട ജോളി മധു മരിക്കുന്നതിന് മുന്‍പ് എഴുതിയ മുഴുവിപ്പിക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെയാണ്. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്.

ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ജോളി ബോധരഹിതയായത്. പരസ്യമായി ജോളി മാപ്പുപറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിലവിലെ സെക്രട്ടറിക്ക് നല്‍കാന്‍ എഴുതിയ കത്താണ് ഇപ്പോള്‍ നൊമ്പരമാകുന്നത്. തനിക്ക് ചെയര്‍മാനോട് സംസാരിക്കാന്‍ പേടിയാണെന്നും അതിനുള്ള ധൈര്യമില്ലെന്നും തന്നെ കൊണ്ട് അതിന് സാധിക്കില്ലെന്നും  ജോളി പൂര്‍ത്തിയാക്കാതെ പോയ കത്തില്‍ പറയുന്നു. 

കൊച്ചി പാലാരിവട്ടം സ്വദേശിയാണ് ജോളി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി 31ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോളി ഫെബ്രുവരി  രണ്ടിനാണ് മരിച്ചത്. കാന്‍സര്‍ അതിജീവിത കൂടിയായ ജോളിക്ക് കടുത്ത മാനസിക സമ്മര്‍ദമാണ് നേരിടേണ്ടി വന്നതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി കയര്‍ബോര്‍ഡ് ഓഫിസില്‍ പല അഴിമതിയും നടക്കുന്നുണ്ടെന്നും ജോളി അതിന് കൂട്ടുനില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow