എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര നാടകോത്സവം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഫെബ്രുവരി 15 മുതൽ

15ാമത് തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഫെബ്രുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ട് വരെ എട്ട് ദിവസങ്ങളിലായാണ് നാടകോത്സവം നടക്കുക. നാടകത്തിന്‍റെ ടിക്കറ്റ് നിരക്ക് 80 രൂപയാണ്. ഒരാൾക്ക് ഒരു ഷോയുടെ രണ്ട് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. വിവിധങ്ങളായ സംസ്കാരിക പരിസരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും പ്രതീക്ഷയും അതിജീവനവും പ്രമേയമാക്കുന്ന "പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ" (Cultures of Resistance) എന്ന ആശയമാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്ക് മുന്നോട്ടുവെക്കുന്നത്.
നാടകോത്സവത്തില്‍ ലോക നാടകങ്ങൾ, ഇന്ത്യൻ നാടകങ്ങൾ, തിയറ്റർ വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ, പൊതു പ്രഭാഷണങ്ങൾ, സംഗീത പരിപാടികൾ, ആർട്ടിസ്റ്റുകളുമായുള്ള സംവാദ സദസ് തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും. ദേശീയ - അന്തർദേശീയ തലങ്ങളിലെ 15 നാടകങ്ങളുടേതായി 34 ഷോകളുടെ ടിക്കറ്റുകള്‍ ലഭ്യമാകും. അനുബന്ധപരിപാടികൾ കാണാൻ ടിക്കറ്റെടുക്കേണ്ട.
ഈ മാസം 15ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ടിക്കറ്റ് https://theatrefestivalkerala.com/ എന്ന വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. കൂടാതെ, അക്കാദമിയിൽ സജ്ജമാക്കിയ കൗണ്ടറുകളിൽനിന്ന് ഫെസ്റ്റിവൽ ദിനങ്ങളിൽ ടിക്കറ്റുകൾ നേരിട്ട് ലഭിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.
What's Your Reaction?






