'വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങി, ഫിനാൻസ് കമ്പനിക്കാരുടെ നിരന്തര ഭീഷണി', ഉപ്പുതുറയില്‍ കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കി
കടബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു.

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കടബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്.
സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ മരിച്ച സജീവന്റെ പിതാവ് മോഹനൻ ഗുരുതര ആരോപണവുമായി രംഗത്തെത്തി. വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസ് കമ്പനിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ആരോപിച്ചു.
ഓട്ടോറിക്ഷ വാങ്ങുന്നതിന് പണം വായ്പ എടുത്തിരുന്നു. രണ്ടുമാസത്തെ തവണ അടയ്ക്കുന്നതിൽ മുടക്കം സംഭവിച്ചു. തുടർന്ന് സ്ഥാപനത്തിൽ നിന്ന് സജീവിനെയും തന്നെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മോഹനൻ പറഞ്ഞു. 30 നുള്ളിൽ വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഏജന്റ് അസഭ്യവാക്കുകൾ വിളിച്ചെന്നും പിതാവ് ആരോപിച്ചു.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മർദ്ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യ കുറുപ്പിലും ഈ കാര്യങ്ങൾ ഉണ്ടെന്ന് എസ്പി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
What's Your Reaction?






