വയോധികയെ കെട്ടിയിട്ട് കവർച്ച: കൊച്ചുമകനും സംഘവും പിടിയിൽ

കേസിലെ മറ്റൊരു പ്രതിയായ സോണിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Dec 24, 2025 - 08:28
Dec 24, 2025 - 08:28
 0
വയോധികയെ കെട്ടിയിട്ട് കവർച്ച: കൊച്ചുമകനും സംഘവും പിടിയിൽ

രാജകുമാരി (ഇടുക്കി): രാജകുമാരിയിൽ 80 വയസ്സുകാരിയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ കൊച്ചുമകനടക്കം മൂന്ന് പേർ അറസ്റ്റിലായി. വയോധികയുടെ മകളുടെ മകൻ പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ (33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില (31) എന്നിവരെ പാലക്കാട്ടുനിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സോണിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 16-നാണ് സംഭവം നടന്നത്. പാലക്കുന്നേൽ മറിയക്കുട്ടിയെ (80) ഊണുമേശയുടെ കാലിൽ കെട്ടിയിട്ട ശേഷം ഒരു പവന്റെ മൂന്ന് മോതിരങ്ങളും 3,000 രൂപയും പ്രതികൾ ചേർന്ന് കവരുകയായിരുന്നു. സൈബുവിന്റെ നിർദ്ദേശപ്രകാരം അനില, സോണിയ, അൽത്താഫ് എന്നിവരാണ് വീട്ടിലെത്തി കവർച്ച നടത്തിയത്. മറിയക്കുട്ടി കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. ഇത് മുഖ്യപ്രതി അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണെന്ന് പോലീസ് കണ്ടെത്തി.

ആദ്യം സോണിയയെ മണർകാടുള്ള വാടകവീട്ടിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതോടെയാണ് സൈബുവിനെക്കുറിച്ചും അനിലയെക്കുറിച്ചും സൂചന ലഭിച്ചത്. സൈബുവും അനിലയും പാലക്കാട് ഒളിവിൽ കഴിയുകയായിരുന്നു.

സംഭവത്തിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. രാജാക്കാട് എസ്.എച്ച്.ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow