മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

1986ൽ ഹവിൽദാറായി കേരള പോലീസിൽ ചേർന്നു.

Apr 5, 2025 - 21:11
Apr 6, 2025 - 09:06
 0  11
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു.

1964ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്‍റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്‍റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

1986ൽ ഹവിൽദാറായി കേരള പോലീസിൽ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐം.എം വിജയൻ , സി.വി പാപ്പച്ചൻ, കെ.ടി ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പോലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു. ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബെംഗളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം), സംസ്‍കാരം ഞായറാഴ്ച രാവിലെ 11-ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow