ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: തെറ്റ് ചെയ്തിട്ടില്ലെന്ന് പുറത്താക്കപ്പെട്ട പ്രോസിക്യൂട്ടർ ടി. ഗീനാ കുമാരി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് അനുകൂല നിലപാടെടുത്തു എന്ന ആരോപണത്തെത്തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് നീക്കിയതില്‍ പ്രതികരണവുമായി ടി. ഗീനാ കുമാരി രംഗത്ത്. താൻ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. ഒമ്പതര വർഷത്തോളം സർക്കാരിന് വേണ്ടി നൂറുകണക്കിന് കേസുകൾ വാദിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടെയും എംഎൽഎമാരുടെയും കേസുകൾ ഉൾപ്പെടെ കൈകാര്യം ചെയ്തപ്പോൾ ഒരിക്കൽപ്പോലും രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന വിലയിരുത്തലിനെത്തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. നിലവിൽ അഡീഷണൽ പ്ലീഡറായ എം. ആർ. ഷാജിക്കാണ് പകരം ചുമതല. കൂടാതെ, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന്റെ ഗൗരവം കണക്കിലെടുത്ത് മുൻ ഗവൺമെൻറ് പ്ലീഡറായ എ. സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഈ കേസ് വളരെ ഗൗരവമുളളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എല്‍ഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. കേസിലെ ഒന്‍പതാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് ഗീനാ കുമാരി കോടതിയില്‍ വാദിച്ചത് പൊലീസിന്റെ റിപ്പോര്‍ട്ടിന് കടകവിരുദ്ധമായിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നും ഇവരെ മാറ്റണമെന്നും കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി. കൃഷ്ണ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കിയതോടെയാണ് നടപടികൾ വേഗത്തിലായത്. ഒരു പ്രോസിക്യൂട്ടറുടെ നിലപാടിനെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുന്ന അപൂര്‍വ്വ സാഹചര്യമാണ് ഈ കേസിലൂടെ ഉണ്ടായിരിക്കുന്നത്.
What's Your Reaction?



