ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 31 പേര്‍ കൊല്ലപ്പെട്ടു
മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നതിലും നിരവധി വീടുകൾ അടിയിലായി

മനില: മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്. ബൊഹോൾ (Bohol) പ്രവിശ്യയിലെ ബോഗോ പ്രദേശത്താണ് ഭൂചലനം കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്.
മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നതിലും നിരവധി വീടുകൾ അടിയിലായി. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎസ്ജിഎസിന്റെ (USGS) കണക്കനുസരിച്ച്, ബൊഹോൾ പ്രവിശ്യയിലെ കാലാപെയിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ ഏകദേശം 33,000 ആളുകൾ താമസിക്കുന്നുണ്ട്.
മധ്യ ദ്വീപുകളായ ലെയ്റ്റ്, സെബു, ബിലിരാൻ എന്നിവിടങ്ങളിലെ നിവാസികൾക്ക് കടൽത്തീരത്ത് നിന്ന് മാറിനിൽക്കാനും തീരത്തേക്ക് പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സുനാമി ഭീഷണിയില്ലെന്നും പ്രത്യേക നടപടികൾ ആവശ്യമില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
What's Your Reaction?






