ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും പ്രളയവും; മരണസംഖ്യ 303 ആയി
സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട നിലയിലാണ്
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 303 ആയി. രാജ്യത്ത് വലിയ നാശം വിതച്ച പ്രകൃതി ദുരന്തത്തിൽ 279 പേരെ കാണാതാവുകയും എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട നിലയിലാണ്. നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിക്കുകയും ചെയ്തു.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ചില റോഡുകളിലെ തടസ്സങ്ങൾ നീക്കി ആളുകളെ രക്ഷിക്കാൻ സേന ശ്രമിക്കുന്നു. കൂടുതൽ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.വടക്കൻ സുമാത്ര തീരത്തുള്ള ദ്വീപിൽ രണ്ട് ദിവസം മുൻപ് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഴ ശക്തമായത്. വടക്കൻ സുമാത്ര പ്രവിശ്യയിൽ മാത്രം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേർ മരിച്ചിട്ടുണ്ട്.
What's Your Reaction?

