'ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസം വളര്‍ച്ച മരുന്ന് കഴിച്ചതിന് പിന്നാലെ യുവതിക്ക് ഗുരുതര രക്തസ്രാവം, മരിക്കാന്‍ വരെ സാധ്യതയെന്ന് ഡോക്ടര്‍ പറഞ്ഞു'
താൻ കഴിച്ച മരുന്നുകൾ ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാം എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതായി യുവതി മൊഴിയിൽ പറയുന്നു.
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഡോക്ടറുടെ മാർഗനിർദേശമില്ലാതെ നൽകിയ ഗർഭച്ഛിദ്ര ഗുളികകൾ തൻ്റെ ജീവന് പോലും അപകടമുണ്ടാക്കുമായിരുന്നു എന്ന് യുവതി പോലീസിന് മൊഴി നൽകി. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ ഗുളികകളാണ് രാഹുലിൻ്റെ സുഹൃത്ത് ജോബി ജോസഫ് വഴി യുവതിക്ക് ലഭിച്ചത്. താൻ കഴിച്ച മരുന്നുകൾ ട്യൂബൽ പ്രഗ്നൻസിയാണെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാം എന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതായി യുവതി മൊഴിയിൽ പറയുന്നു.
മരുന്നു കഴിച്ചതിനു പിന്നാലെ യുവതിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായി. ഇതോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഈ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും. രാഹുലിൻ്റെ നിർബന്ധപ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് മൂന്ന് മാസത്തെ വളർച്ച ഉണ്ടായിരുന്നു. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തുകയും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തു. സൗഹൃദം പ്രണയമായപ്പോൾ കൂടുതൽ അടുപ്പത്തിലായി. ഈ ബന്ധം മുതലെടുത്ത് രാഹുൽ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയും ചെയ്തുവെന്നും യുവതി പോലീസിനെ അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ ആക്രമണം വ്യാപകമായതിനെ തുടർന്ന് യുവതിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
What's Your Reaction?