നടിയെ ആക്രമിച്ച കേസ്: വാദത്തിനിടെ പൊട്ടിക്കരഞ്ഞ് പ്രതികൾ; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
തങ്ങൾ നിരപരാധികളാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണയിൽ വാദം നടക്കുന്നതിനിടെ ചില പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. രണ്ടാം പ്രതി മാർട്ടിനും ആറാം പ്രതി പ്രദീപുമാണ് ഭാര്യയും കുട്ടികളുമുള്ള കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ വികാരാധീനരായത്. തങ്ങൾ നിരപരാധികളാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. നാലാം പ്രതി വിജീഷ് തന്നെ കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് കോടതിയിൽ അഭ്യർത്ഥിച്ചു.
എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാൽ അതിൽ പങ്കെടുത്ത എല്ലാവർക്കും കുറ്റകൃത്യത്തിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർത്ഥ പ്രതി പൾസർ സുനിയാണെങ്കിലും മറ്റുള്ളവർ കുറ്റകൃത്യത്തിൻ്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാൽ, എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന്, രണ്ടു മുതൽ ആറുവരെയുള്ള പ്രതികൾക്ക് ഒരേപോലെ ശിക്ഷ നൽകണോയെന്ന് കോടതി വീണ്ടും ചോദിച്ചു.
ഒന്നാം പ്രതിയാണ് പ്രധാന കുറ്റകൃത്യം ചെയ്തതെങ്കിലും മറ്റുള്ളവർ അതിനുവേണ്ടി കൂട്ടായി നിന്ന് പ്രവർത്തിച്ചതിനാൽ, ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവർക്കും നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു എന്നതാണ് കേസ്.
What's Your Reaction?

