ഡൽഹി: ഇന്ത്യൻ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്.
തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിനേഷ് ഈ തീരുമാനം ആരാധകരെ അറിയിച്ചത്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഇത്തവണ തൻ്റെ പ്രോത്സാഹനത്തിനായി മകനും ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
"ആ തീ ഒരിക്കലും കെട്ടുപോയിട്ടില്ല. പൂർത്തിയാക്കാൻ ബാക്കിയുള്ള ഒരു സ്വപ്നം എന്‍റെയുള്ളിലുണ്ട്. കരിയറിൽ ഞാൻ സ്വന്തമാക്കിയിട്ടുള്ള എല്ലാ നേട്ടങ്ങളും ഈ തിരിച്ചുവരവിന് പ്രചോദനമാണ്," എന്നും അവർ കുറിച്ചു.
2024ലെ പാരിസ് ഒളിംപിക്സിൽ വിവാദമായ മെഡൽ നഷ്ടത്തിനു പിന്നാലെയാണ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു.